✦ ഭക്തി · Devotion
എന്‍റെ എറണാകുളം പള്ളിയമ്മ
✦ നവതി സ്മരണിക
നവതി സ്മരണികക്ക് വേണ്ടി — പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, കോട്ടയം ഞാലിയാംകുഴി മാര്‍ ബസേലിയോസ് ദയറായില്‍ നിന്ന്
" എറണാകുളം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ എന്‍റെ സ്വന്തമാണ്. എന്തിനാണ് എന്‍റെ പള്ളിയമ്മയുടെ പേര് ആംഗലേയ ഭാഷയില്‍ ഞാന്‍ കുറിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ. വിശുദ്ധി, മറിയം, വളവില്ലായ്മ, ഇരിപ്പിടം എന്നൊക്കെ പച്ചമലയാളത്തില്‍ എഴുതിയാല്‍ വായനക്കാരന് എന്‍റെ പള്ളിയമ്മയെ മനസ്സിലാകാതെ വന്നാലോ എന്നു സംശയിച്ചാണ് ആംഗലത്തെ ഞാന്‍ ആശ്രയിച്ചത്. ബോട്ട് ജെട്ടി പള്ളിയെന്നും സാധാരണ സമൂഹം അവളെ സംബോധന ചെയ്യാറുണ്ട്. ബ്രോഡ് വേ പള്ളിയെന്നും അവള്‍ക്ക് മറു പേരുണ്ട്. 1926-ല്‍ അവള്‍ ഭൂമിയില്‍ ജനിക്കാനിടയായി. അവളുടെ തൊണ്ണൂറാം ജന്മ വര്‍ഷാഘോഷ മാണിപ്പോള്‍. ഈ ചെറുകുറിപ്പില്‍ എറണാകുളം സെന്‍റ് മേരീസ് പള്ളിയെ സ്വന്തം അമ്മയായും, സ്വന്തം സഹോദരിയായും മനസ്സില്‍ കണ്ടുകൊണ്ടാണ് എഴുതുന്നത് "
1976 ജൂലൈ 2-ാം തീയതി മുതല്‍ അവളെ ശുശ്രൂഷിക്കാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചു. ആത്മാര്‍ത്ഥതയോടെ അവളെ ശുശ്രൂഷിച്ചപ്പോള്‍, അര്‍ഹതയില്ലെങ്കിലും മലങ്കര സഭയുടെ അത്യുന്നത സ്ഥാനത്തേക്ക് അവള്‍ എന്നെ പിടിച്ചുയര്‍ത്തി. എന്നെ മാത്രമല്ല അവളെ ശുശ്രൂഷിച്ച അനേകരെ അവള്‍ ഉതസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. കാലം ചെയ്ത ജോസഫ് മാര്‍ പക്കോമിയോസ്തിരുമേനി, ഇപ്പോള്‍ അങ്കമാലി ഭദ്രാസനാധിപനായ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനി എന്നിവര്‍ അവരില്‍ ചിലരാണ്.
എന്‍റെ പള്ളിയമ്മ ഇന്നും സുന്ദരിയാണ്. പ്രായം കൂടുന്തോറും അവളുടെ സൗന്ദര്യം വര്‍ദ്ധിക്കുന്നു. ഇവള്‍ക്ക് 90 തികഞ്ഞുവെങ്കിലും ഒരിഴ തലമുടിപോലും നരച്ചിട്ടില്ല. ഇതിനിടയില്‍ അവള്‍ അഞ്ചു പെണ്‍ മക്കളെ പ്രസവിച്ചു. അവര്‍ക്കും കുഞ്ഞുമക്കള്‍ പിറന്നു. കുരിശുപള്ളികളെ പേരക്കുട്ടികള്‍ എന്ന് ഞാന്‍ സംബോധന ചെയ്യട്ടെ. എളംകുളം പരിശുദ്ധ പരുമല തിരുമേനി, പാലാരിവട്ടം മാര്‍ ഗീവര്‍ഗ്ഗീസ് സഹദാ, പടമുഗള്‍ മാര്‍ യൂഹാനോന്‍ മാംദാന, തേവര മാര്‍ തോമാ ശ്ലീഹാ, വൈറ്റില പ. പരുമല തിരുമേനി, എന്നീ പേരുകളില്‍ എന്‍റെ പള്ളിയമ്മയുടെ അഞ്ചു പെണ്‍മക്കള്‍ വളര്‍ന്നുവരുന്നു. ഇവരുടെ വളര്‍ച്ചയില്‍ എന്‍റെ അമ്മ ആനന്ദം കൊണ്ട് തുള്ളിച്ചാടുന്നു.
പഴയ മുഖവാരത്തോടുകൂടിയ സെന്‍റ് മേരീസ് കത്തീഡ്രല്‍ പള്ളി
പോരാ, ഇനിയും ഈ അമ്മയ്ക്ക് മക്കള്‍ പിറക്കണം. അഞ്ചോ, ആറോ കുഞ്ഞുങ്ങള്‍ ഈ അമ്മയ്ക്ക് ഉടനെ ജനിക്കട്ടെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന. എന്‍റെ ജീവിതത്തില്‍ ഒരു സങ്കല്‍പമുണ്ട്. ഒരു ഉദാഹരണം വഴി ഞാന്‍ അതു വ്യക്തമാക്കാം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന രാജധാനി എക്സ്പ്രസ് ട്രെയിന്‍ പാലക്കാട് ജില്ല വരെ അതിവേഗത്തില്‍ പാഞ്ഞുവരും. ലക്കിടി കഴിഞ്ഞാല്‍ അതു പാസഞ്ചര്‍ ട്രെയിന്‍ പോലെയാണ്. ഇതുപോലെ കേരളത്തിനു പുറത്തും ഇന്ത്യയ്ക്ക് വെളിയിലും വി. ഐ. പി.-യുടെ സ്ഥാനം നമ്മുടെ ആളുകള്‍ എനിക്ക് നല്‍കാറുണ്ട്. കുന്നങ്കുളം, എറണാകുളം, ദേവലോകം അത്രയിടങ്ങളില്‍ ഒരു പാസര്‍ ട്രെയിന്‍ ആകാനാണെനിക്കിഷ്ടം.
എന്‍റെ ജീവിതത്തില്‍ മറ്റൊരു പള്ളിയെ ഔദ്യോഗികമായി ശുശ്രൂഷിക്കാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചില്ല. അതും ഒരു മഹാഭാഗ്യം തന്നെ. മലങ്കരയമ്മയ്ക്ക് ദേവാലയങ്ങളാകുന്ന പെണ്‍മക്കള്‍ രണ്ടായിരത്തോളം ഉണ്ട്. ഇതില്‍ എറണാകുളം പള്ളിയമ്മയ്ക്ക് എന്‍റെയുള്ളില്‍ അതുല്യമായ ഒരു സ്ഥാനമാണുള്ളത്.
മലങ്കര സഭയാകുന്ന മുത്തശ്ശി ആരാണെന്നും, എന്താണെന്നും എന്നെ പഠിപ്പിച്ചത് നവതിയുടെ നിറവില്‍ നില്‍ക്കുന്ന എറണാകുളം പള്ളി തന്നെ. ഇടവക ശുശ്രൂഷയുടെ ബാലപാഠം ഞാന്‍ പഠിച്ചതും ഇവിടെ നിന്നുതന്നെ. എന്തെല്ലാം അറിവുകളാണ് ഈ അമ്മ എന്നെ പഠിപ്പിച്ചതെന്ന് എത്ര പറഞ്ഞാലും തീരില്ല. ഇഷ്ടമുള്ള ഒന്നിനെപ്പറ്റി എത്ര പറഞ്ഞാലും തീരാത്തതു പോലെ.
എന്‍റെ ശുശ്രൂഷയുടെ കാലയളവില്‍ ഇടവകയിലെ ആരോടും പിണങ്ങാന്‍ അവള്‍ എന്നെ അനുവദിച്ചില്ല. ജീവിതത്തില്‍ സമയകൃത്യത പാലിക്കാന്‍ പഠിപ്പിച്ചു. സമയ നിഷ്ഠ പാലിക്കാത്തവരോട് ചെറുതായി ചൂടാകാനും അവള്‍ രഹസ്യമായി എന്നെ ഉപദേശിച്ചു. മനുഷ്യസ്നേഹവും മനുഷ്യപ്പറ്റും മുറുകെ പിടിക്കുവാന്‍ അവള്‍ നിര്‍ബന്ധിച്ചു. നുണ പറയുവാന്‍ പാടില്ലെന്ന് ശക്തമായി പറഞ്ഞു. പ്രതികാരബുദ്ധി ഒട്ടും പാടില്ലെന്ന് അവള്‍ കര്‍ക്കശമായി ഓര്‍മിപ്പിച്ചു. പണത്തെ സ്നേഹിക്കരുതെന്ന് ആ അമ്മ രഹസ്യമായി പറഞ്ഞു തന്നു.
അമ്മ പറഞ്ഞു തന്നതൊക്കെ ഞാന്‍ പഠിച്ചോ എന്നെനിക്ക് അറിഞ്ഞു കൂടാ. ഇല്ലാ, പഠിച്ചില്ല. ഭരണം എന്ന വാക്ക് ഉപയോഗിക്കുത് അവള്‍ക്കിഷ്ടമല്ല. എന്നാലും പറയട്ടെ, ഭരണപരമായ തീരുമാനങ്ങള്‍ ആപത്തു കൂടാതെ നടപ്പില്‍ വരുത്തുവാന്‍ അവളുടെ പ്രേരണയുണ്ടായിരുന്നു. പാലാരിവട്ടം സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി സ്വതന്ത്രയായി ഞാന്‍ പ്രഖ്യാപിച്ചത്, ഈ ശൈലിയിലാണെന്ന് പറയാം. ചുരുക്കിപറഞ്ഞാല്‍ എറണാകുളം പള്ളി എനിക്കൊരു പാഠപുസ്തകം ആയിരുന്നു. ഇവള്‍ എന്‍റെ ഗുരുനാഥ രത്നമാണ്. ഈ പള്ളി, സഭാതലത്തിലെ എന്‍റെ ജീവിത നിഘണ്ടുവാണ്.
പരിശുദ്ധ മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ തിരുമേനി
ഇവളെ ശുശ്രൂഷിച്ച സര്‍വ്വര്‍ക്കും ഇവള്‍ വാരിക്കോരി കൊടുത്തിട്ടുണ്ട്. പേരുകള്‍ പറയാന്‍ ധാരാളമുണ്ടെങ്കിലും തല്‍ക്കാലം ഞാന്‍ അതിനു മുതിരുന്നില്ല. ഇന്നും, ദൂരെയിരുന്ന് ഈ പള്ളിയെ നോക്കി കാണാറുണ്ട്. ഈ പള്ളിയെപ്പറ്റിയുള്ള എന്‍റെ ഉള്ളിലെ വികാരമാണ് അല്പമായി ഞാന്‍ വരച്ചു കാട്ടിയത്. വെളിപ്പെടുത്തി യതിനേക്കാള്‍ വളരെ കൂടുതലുണ്ട് വെളിപ്പെടുത്താത്തത് എന്നും കൂടി രേഖപ്പെടുത്തട്ടെ.
ഒ. വി. ഏലിയാസച്ചന്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് ഈ ചെറുകുറിപ്പ് എഴുതുവാന്‍ ഇടയായത്. അച്ചനോട് 'വയ്യ' എന്നു പറയാന്‍ ഒരു മടി. മറ്റാരെങ്കിലും പറഞ്ഞിരുങ്കെില്‍ ഞാന്‍ ഒഴിഞ്ഞു മാറുമായിരുന്നെന്ന് പറയാനും മടിക്കുന്നില്ല. ഇത് പള്ളിയമ്മയോടുള്ള ഇഷ്ടക്കേടൊന്നുമല്ല. പക്ഷെ മെനക്കെടാന്‍ സമയമില്ല.
ഇവിടുത്തെ എന്‍റെ ശുശ്രൂഷയുടെ കാലയളവില്‍ മലങ്കരസഭയുടെ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ (പ.വട്ടക്കുന്നേല്‍ ബാവാ) തിരുമേനി ആയിരുന്നു. ആ പരിശുദ്ധ പിതാവിന്‍റെ മനസ്സിലും ഈ ദൈവാലയ ത്തെപ്പറ്റിയുള്ള ചിത്രം അതി മനോഹരമായിരുന്നു.
പൗലോസ് മാര്‍ മിലിത്തിയോസ് തിരുമേനി കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയപ്പോള്‍
ജൂണ്‍-ജൂലൈ മാസങ്ങളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് പുസ്തകങ്ങള്‍ യൂണിഫോം ആദിയായവ ദേവാലയത്തില്‍ നിന്ന് വിതരണം ചെയ്യുമായിരുന്നു. ഒക്ടോബര്‍ മാസത്തിലെ സെയില്‍ എന്ന മഹാമേള വളരെ ക്രമമായി നടത്തുമായിരുന്നു. കടകളിലെ സാധന-സാമഗ്രികള്‍ അവര്‍ പള്ളിക്ക് ദാനമായി നല്‍കും. അവ സെയില്‍ ദിവസത്തില്‍ വിറ്റഴിക്കും. സ്ത്രീകളും കുഞ്ഞുങ്ങളും യുവജന പ്രസ്ഥാനാംഗങ്ങളും പ്രാര്‍ത്ഥനായോഗാംങ്ങളും സര്‍വ്വരും പള്ളിക്ക് ആദായം ഉണ്ടാകുതിനായി ഈ മേളയില്‍ ആത്മാര്‍ത്ഥമായി പങ്കെടുക്കും.
ദേവാലയത്തില്‍ സഹായത്തിനായി വരുന്നവര്‍ക്ക് വൈദികരിലൂടെ ധനസഹായം വലിയതോതില്‍ നടത്താറുണ്ട്. ഈ പള്ളിയുടെ ഒരു കുടുസ്സു മുറിയില്‍ ഏകദേശം ആറുമാസം ഒതുങ്ങി താമസിച്ച്, കോടതിയിലെ ബഹുമാനപ്പെട്ട ന്യായാധിപന്മാരുടെ മുമ്പില്‍ ആ പിതാവ് മലങ്കര സഭയുടെ ന്യായമായ അവകാശങ്ങള്‍ പ്രൗഢഗംഭീരമായി അവതരിപ്പിച്ചു. അപ്രകാരം ആ പിതാവ് ചെയ്തിരുന്നില്ലെങ്കില്‍ ഇന്നത്തെ മലങ്കരസഭയുടെ സ്ഥിതി എന്താകുമായിരുന്നു എന്നതിനു സംശയമില്ല.
ആകാശയാത്ര, തീവണ്ടിയാത്ര, പാസ്പോര്‍ട്ട് എടുക്കല്‍, നിയമോപദേശം തേടല്‍ ആദിയായ വിഷയങ്ങളില്‍ മലങ്കരസഭയിലെ മിക്കവാറും എല്ലാ പിതാക്കന്മാരും ഈ ദേവാലയത്തെ ആശ്രയിച്ചിരുന്നു. വ്യവഹാരങ്ങളുടെ കൊടുങ്കാറ്റില്‍പ്പെട്ട് വടക്കന്‍ ഭദ്രാസനങ്ങളിലെ വൈദികരും വിശ്വാസികളും നട്ടം തിരിയുമ്പോള്‍ അവരെ എല്ലാവിധത്തിലും സഹായിക്കുവാനും ആശ്വസിപ്പിക്കുവാനും ഈ ദേവാലയത്തിന് സാധിച്ചിരുന്നു.
ദേവാലയത്തിന് അകത്തുള്ള ജോലിയേക്കാള്‍ കൂടുതല്‍ പുറംജോലികള്‍ അന്നത്തെ വൈദികര്‍ക്ക് നിര്‍വ്വഹിക്കുവാന്‍ ഉണ്ടായിരുന്നു. ആശുപത്രികളില്‍ രോഗികളെ ചെന്നു കാണല്‍, അവരെ ആശ്വസിപ്പിക്കല്‍, ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കല്‍, ചിലപ്പോള്‍ തൈലാഭിഷേകം നടത്തല്‍ ഇവയൊക്കെ വളരെ സന്തോഷപൂര്‍വ്വം വൈദികര്‍ നിര്‍വ്വഹിച്ചിരുന്നു. കൂടാതെ, പ്രാര്‍ത്ഥനായോഗങ്ങള്‍, സ്ത്രീകള്‍ക്കു വേണ്ടി സമാജയോഗങ്ങള്‍, വര്‍ഷത്തിലൊരിക്കല്‍ ക്രിസ്തുമസിനോടനുബന്ധിച്ച് ഇടവകയിലെ സര്‍വ്വഭവനങ്ങളും സന്ദര്‍ശിക്കല്‍ ഇവയൊക്കെ ചിട്ടയായി സന്തോഷത്തോടെ വൈദികര്‍ നിര്‍വ്വഹിച്ചിരുന്നു.
കെ. ഐ. പോളച്ചന്‍ (പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനി) ഒ. വി. ഏലിയാസച്ചന്‍, ജോസഫ് വെണ്ടറപ്പിള്ളില്‍ അച്ചന്‍, എന്നിവരോടൊപ്പം
രണ്ടു വസ്തുതകളാണ് ഈ ദാനധര്‍മ്മത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതെന്നാണ് ഞാന്‍ കരുതുന്നത്. ഒന്ന്, വൈദികരിലുള്ള ഇടവകയുടെ ആത്മവിശ്വാസം. രണ്ട്, സഹായം സ്വീകരിക്കുന്നത് വൈദികരൊഴിച്ച് മറ്റാരും അറിയേണ്ടതില്ലെന്ന ചിന്ത. ഈ രണ്ട് ആശയങ്ങളും ഏറ്റവും ശ്രേഷ്ഠമായി കരുതപ്പെട്ടിരുന്നു.
പള്ളിയിലെ അന്നത്തെ വൈദികര്‍ ജോസഫ് വെണ്ടറപ്പിള്ളില്‍ അച്ചന്‍, ഏലിയാസച്ചന്‍, പോളച്ചന്‍ എന്നിവരായിരുന്നു. ഞങ്ങള്‍ ദൃശ്യമായി മൂന്നു പേരാണെങ്കിലും, ആന്തരികമായി ഏക സ്വഭാവക്കാരായിരുന്നു. അത് ഇടവക ജനങ്ങള്‍ നന്നായി ഗ്രഹിച്ചിരുന്നു. ഈ മൂന്നു മനസ്സുകള്‍ തമ്മില്‍ യാതൊരു പൊരുത്തക്കേടുകളും ഉണ്ടായിരുന്നില്ല. വൈദികരും ഇടവക ജനങ്ങളും തമ്മിലുള്ള ബന്ധം അപ്പനും മക്കളും എന്ന പോലെയായിരുന്നു.
ഇടവകയ്ക്ക് ചേരുന്ന വൈദികരും വൈദികര്‍ക്ക് ചേരുന്ന ഇടവകയും എന്നതായിരുന്നു വൈദിക നിയമനങ്ങളില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനി സ്വീകരിച്ചിരുന്ന മാനദണ്ഡം. ഈ തത്ത്വം അട്ടിമറിച്ചാല്‍ പള്ളിയില്‍ കഷ്ടകാലം തുടങ്ങുമെന്ന് ഇടവക തിരുമേനി വിശ്വസിച്ചിരുന്നു.
ഇങ്ങനെയുള്ള പല കാര്യങ്ങളും പല സന്ദര്‍ഭങ്ങളിലും ഞാന്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് അവയൊന്നും ആവര്‍ത്തിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അന്ന്, പ്രത്യേകിച്ച് പൊതു യോഗങ്ങളില്‍, ഏതെങ്കിലും വിഷയങ്ങളില്‍ ഭിന്നാഭിപ്രായം വരുമ്പോള്‍ അവസാനത്തെ വാക്ക് വൈദികരുടേതായിരുന്നു. വൈദികരും തന്നിഷ്ടം പ്രവര്‍ത്തിക്കുവാന്‍ ഒട്ടും ഇഷ്ട്ടപ്പെട്ടിരുന്നില്ല. ഇന്നും അപ്രകാരമൊക്കെ ആ പള്ളിയില്‍ നിലനില്‍ക്കുന്നു വെന്ന് ഞാന്‍ കരുതട്ടെ.
എറണാകുളം പള്ളിയില്‍ എനിക്ക് മുഖപരിചയം ഉള്ളവരുടെ എണ്ണം കുറഞ്ഞു വരുന്നു. പുതുമുഖങ്ങളുടെ എണ്ണം കൂടി വരുന്നു. പുതുമുഖങ്ങള്‍ ആണെങ്കിലും മുന്‍പരിചയക്കാര്‍ ആണെങ്കിലും എല്ലാവരും എന്‍റെ ആത്മീയമക്കള്‍ തന്നെ.
വൈദ്യന്‍, വൈദികന്‍, ദൈവം, ദേവാലയം, ദേവലോകം, വിദ്യ, വിദ്യാര്‍ത്ഥി, അന്ധകാരം, അധ്യാപകന്‍ എന്നീ പദങ്ങളില്‍ പൊതുവായ ഒരു ധാതു ഒളിഞ്ഞു കിടപ്പുണ്ട്. 'ദ്യൂത്' എന്നാണ് ആ വാക്ക്. ഈ സംസ്കൃത പദത്തിന്‍റെ അര്‍ത്ഥം പ്രകാശം എന്നത്രെ. ദേവാലയം എന്നു വച്ചാല്‍ ദൈവം അഥവാ ദേവന്‍ വസിക്കുന്ന സ്ഥലം. ദൈവത്തെ ആരാധിക്കുവാനും, ദൈവത്തോട് സംസാരിക്കുവാനും, ദൈവത്തില്‍ നിന്നു കേള്‍ക്കുവാനും, മനസ്സിന്‍റെ ഭാരങ്ങള്‍ ഇറക്കിവയ്ക്കുവാനും, മനുഷ്യസ്നേഹം പുലര്‍ത്തുവാനും, ദേവാലയം ഉദ്ദേശിക്കപ്പെടുന്നു. ദൈവചൈതന്യം നിറഞ്ഞുതുളുമ്പുന്ന, ഭൂമിയില്‍ വേര്‍തിരിക്കപ്പെട്ട ഒരിടമാണ് ദേവാലയം — സ്വര്‍ഗ്ഗത്തിന്‍റെ ഒരു ചെറു ശാഖയാണിത്.
എറണാകുളം എന്ന അത്യന്താധുനിക നഗരത്തില്‍ എറണാകുളം ഓര്‍ത്തഡോക്സ് പള്ളിയമ്മ എന്നുമെന്നും വെളിച്ചം വിതറുന്ന ഒരു സ്രോതസ്സായിത്തീരട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
മെട്രോസിറ്റി, സ്മാര്‍ട്ട്സിറ്റി തുടങ്ങിയ പൊന്‍തൂവലുകള്‍ വെട്ടിത്തിളങ്ങുവാന്‍ എറണാകുളം പള്ളിയില്‍ നിന്ന് പ്രസരിക്കുന്ന പ്രകാശകിരണങ്ങള്‍ ഉതകട്ടെയെന്ന് നമ്മുടെ പ്രാര്‍ത്ഥനകളിലൂടെ സ്വര്‍ഗ്ഗോന്നതങ്ങളിലേക്ക് സമര്‍പ്പിക്കാം.
അവസാനമായി എന്‍റെ മനസ്സിന്‍റെ അടിത്തട്ടില്‍ നീറുകയും വിങ്ങുകയും ചെയ്യുന്ന ഒരു വേദന ഇടവകക്കാരുമായി പങ്കുവയ്ക്കട്ടെ — ഈ ദേവാലയത്തിലെ ആഭ്യന്തര വ്യവഹാരമാണിത്. തുടങ്ങുമ്പോള്‍ അത് ഒരെണ്ണമായിരുന്നു. ഇപ്പോള്‍ അതിന്‍റെ എണ്ണം അനേക മടങ്ങ് വര്‍ദ്ധിച്ചു കഴിഞ്ഞു. ആരും ഒന്നും നേടിയില്ല, നേടുകയുമില്ല. ഓടിയവനും, ഓടിച്ചവനും ഒരു പോലെ കിതയ്ക്കുമെന്നൊണ് പഴമൊഴി. കേസിലെ വാദികളും പ്രതികളും ജയിക്കുകയില്ല. പള്ളിയമ്മ നിശ്ചയമായി തോല്‍ക്കും. വക്കീലന്മാര്‍ മാത്രം വിജയിക്കും. ഈ വിഷയത്തില്‍ ആ പള്ളിയമ്മയുടെ തോരാത്ത കണ്ണീര്‍ കവിഞ്ഞൊഴുകുന്നു.
ഈ വ്യവഹാരം തീര്‍ന്നേ മതിയാകൂ. ദേവാലയം മൂലം നന്നായിത്തീരുന്നവരുണ്ട്, ദേവാലയം മൂലം സ്വയം നശിക്കുന്നവരുമുണ്ട്. നാമെല്ലാവരും ദേവാലയം മൂലം നന്നായിത്തീരുവരാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ കുറിപ്പ് ഞാന്‍ അവസാനിപ്പിക്കുന്നു.
കെ. ഐ. പോൾ റമ്പാൻ (പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനി), ഒ. വി. ഏലിയാസ് അച്ചന്‍, ജോസഫ് വെണ്ടറപ്പിള്ളി അച്ചന്‍, പി. എസ്. യോഹന്നാന്‍ അച്ചന്‍ എന്നിവരോടൊപ്പം
✦ രചന
കെ. ഐ. പോള്‍ (പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനി) — ഒ. വി. ഏലിയാസ് അച്ചന്‍, ജോസഫ് വെണ്ടറപ്പിള്ളി അച്ചന്‍, പി. എസ്. യോഹന്നാന്‍ അച്ചന്‍ എന്നിവരോടൊപ്പം