✦ ഇടവക അനുസ്മരണം
ഫാദർ ഒ. വി. ഏലിയാസ് രചിച്ചത് — നവതി സ്മരണിക
പരി. കാതോലിക്കാ ബാവായായി സ്ഥാനാരോഹണം ചെയ്തതിനുശേഷം സെൻറ് മേരീസ് ഇടവകയിലെ സ്വീകരണവേളയിൽ അഭി. പോളികാർപ്പോസ് തിരുമേനിയോടൊപ്പം ഏലിയാസച്ചനും പ്രിൻസ് അച്ചനും പ. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയെ പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു.
എറണാകുളം സെൻറ്മേരീസ് കത്തീഡ്രൽ എൻറെ ഇടവക പള്ളികൂടിയാണിപ്പോഴും. എൻറെ പൗരോഹിത്യ ശുശ്രൂഷയുടെ അധികസമയവും ഞാൻ ചെലവഴിച്ചത് ഇവിടെയാണ്. കൃത്യമായി പറഞ്ഞാൽ ഇരുപത്തി ആറരവർഷം ഞാൻ ഇവിടെ ശുശ്രൂഷ ചെയ്തിട്ടുണ്ട്. വ്യത്യസ്ത അനുഭവങ്ങളുടെ ഒരു നീണ്ട നിര എൻറെ മനസ്സിലേക്ക് ഓടി എത്തുന്നുണ്ടിപ്പോൾ. അവയെല്ലാം കുറിക്കുവാനുള്ള സന്ദർഭമല്ല ഇതെന്ന് ഞാൻ കരുതുന്നു. എങ്കിലും ഏതാനും കാര്യങ്ങൾ എഴുതാൻ ശ്രമിക്കുകയാണ്.
പള്ളിയും പള്ളിയോട് ബന്ധപ്പെട്ട് എൻറെ ശുശ്രൂഷകാലത്ത് എനിക്കിടപഴകുവാൻ സാധിച്ചിട്ടുള്ള വൈദികരും, ഭരണസമിതി അംഗങ്ങളും, ഇടവകജനങ്ങളുമെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ എനിക്കെന്നും ഗുരുസ്ഥാനീയരായാണ് ഞാൻ കാണുന്നത്. എൻറെ ഇടവക ശുശ്രൂഷയിലൂടെ എനിക്ക് ഇടവകയ്ക്ക് നൽകാൻ കഴിഞ്ഞിട്ടുള്ളതിലധികം കാര്യങ്ങൾ മേൽപ്പറഞ്ഞ എല്ലാവരിൽ നിന്നും എനിക്കാർജിക്കാനായിട്ടുണ്ട്.
1971 ജനുവരി ഒന്നിന് സഹ വികാരിയായിട്ടാണ് ഞാൻ നിയമിതനാകുന്നത്. അന്ന് വികാരി പി.വി. ജോസഫ് അച്ചൻ (കാലംചെയ്ത ജോസഫ് മാർ പക്കോമിയോസ് തിരുമേനി) ആയിരുന്നു. അദ്ദേഹം 1975 ഫെബ്രുവരിയിൽ മേൽപ്പട്ടക്കാരനായതിനെ തുടർന്ന് ഇടവകയിൽ ശുശ്രൂഷിച്ച ശിഷ്ടവർഷങ്ങളിലെല്ലാം ഞാൻ വികാരിയായിരുന്നു. അക്കാലമത്രയും ശ്രേഷ്ഠ വൈദികരായ കെ.ജെ. ജോർജച്ചൻ (late), കെ.ഐ. പോളച്ചൻ (പ. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനി), ജോസഫ് വെണ്ടറപ്പിള്ളിയച്ചൻ (late), തോമസ് ജോണച്ചൻ (late), പി.എസ്. യോഹന്നാനച്ചൻ (യൂഹാനോൻ മാർ പോളികാർപ്പൊസ് തിരുമേനി), കെ.റ്റി. ഫിലിപ്പച്ചൻ, കെ. ഈ. വർക്കിയച്ചൻ (late), പി. ഐ. ജോണച്ചൻ, പി.ഐ. വർഗ്ഗീസച്ചൻ, പ്രിൻസ് മാത്യൂ അച്ചൻ എന്നിവരോടൊപ്പം പ്രവർത്തിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായി. അവരെല്ലാവരും പ്രഗദ്ഭരും ഒന്നിനൊന്ന് മെച്ചമുള്ള, വിവിധ കഴിവുകളും നേതൃത്വപാടവമുള്ളവരും ആയിരുന്നു.
ഏലിയാസ് അച്ചനൊപ്പം സഹവികാരിമാരായിരുന്ന (ഇ. നിന്ന്) വർക്കിയച്ചൻ, യോഹന്നാനച്ചൻ (ഇപ്പോഴത്തെ പോളികാർപ്പോസ് തിരുമേനി), കെ.ടി ഫിലിപ്പച്ചൻ, ജോസഫ് വെണ്ടറപ്പിള്ളിയച്ചൻ
ചാപ്പലുകൾ കൂദാശ ചെയ്യപ്പെട്ടതിനെ തുടർന്ന് ഒരേ സമയത്ത് ഞങ്ങൾ 5 അച്ചൻമാർ ഒരുമിച്ച് പ്രവർത്തിച്ച അവസരങ്ങളുമുണ്ടായിരുന്നു. ഒരമ്മ പെറ്റ മക്കളെപ്പോലെ ഒരുമയിൽ പ്രവർത്തിക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആർക്കും ആരോടും പരിഭവമോ, പിണക്കമോ, വിരോധമോ ഇല്ലാതിരുന്ന ആ നല്ലകാലം ഓർമ്മയിൽ എന്നും തെളിഞ്ഞുനിൽക്കുന്നു.
എറണാകുളം പള്ളിയിലെ എൻറെ ശുശ്രൂഷാകാലത്ത് ഭരണസമിതി അംഗങ്ങളായവരിൽ 14 പേർ കൈസ്ഥാനികളായും 13 പേർ സെക്രട്ടറിമാരായും 200-ൽ അധികം പേർ കമ്മറ്റി അംഗങ്ങളായും പ്രവർത്തിച്ചിട്ടുണ്ട്. ഇവരിൽ 5 കൈസ്ഥാനികളും 3 സെക്രട്ടറിമാരും 55 കമ്മിറ്റി അംഗങ്ങളും വിവിധ കാലഘട്ടത്തിൽ നിദ്രപ്രാപിച്ചു.
എറണാകുളം പള്ളിയിൽ ഇടയശുശ്രൂഷ നിർവ്വഹിച്ചതിനുശേഷം വാങ്ങിപ്പോയ ജോസഫ് മാർ പക്കോമിയോസ് തിരുമേനിയേയും ആരംഭകാലം മുതൽ 40 വർഷം വികാരിയായിരുന്ന ജേക്കബ് മുരിക്കലച്ചനെയും ഇടവകയിൽ ശുശ്രൂഷിച്ചിരുന്ന വാങ്ങിപ്പോയ മറ്റെല്ലാ വൈദികരെയും ആരംഭം മുതൽ ഇന്നോളം ഇടവകയിൽ നിന്ന് വാങ്ങിപ്പോയ എല്ലാവരെയും പ്രത്യേകം ദൈവസന്നിധിയിൽ ഓർത്ത് ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
വ്യത്യസ്ഥ സ്വഭാവക്കാരും അഭിപ്രായക്കാരും പ്രവർത്തനനിരതരുമായിരുന്ന എല്ലാവരിൽ നിന്നും ഏറെ ഗ്രഹിക്കുവാനും, പഠിക്കുവാനും, പകർത്തുവാനും ഭാവി ശുശ്രൂഷകൾക്ക് മുതൽക്കൂട്ടാക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. ഇടവകയിൽ വ്യത്യസ്ത രംഗങ്ങളിലും പ്രവർത്തിക്കുന്നവരാണ് ഇടവകാംഗങ്ങൾ. അവരുടെ കൂട്ടായ പ്രവർത്തനമാണ് കാലാ കാലങ്ങളിൽ ഇടവകയ്ക്കുണ്ടായ പുരോഗതി.
1978-ൽ എളംകുളത്തെ കുരിശിൻ തൊട്ടിയുടെ കല്ലിടൽ കർമ്മം അഭിവന്ദ്യ പക്കോമിയോസ് തിരുമേനി നിർവ്വഹിക്കുന്നു
പാലാരിവട്ടം സെൻറ് ജോർജ് പള്ളി സ്വതന്ത്ര ഇടവകയാക്കുന്ന സമയത്തെ സെൻറ് മേരീസിലെ കമ്മറ്റി അംഗങ്ങൾ
എളംകുളം ഗ്രിഗോറിയോസ് ചാപ്പലിൽ കുർബ്ബാനവേളയിൽ വന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി
പരി. കാതോലിക്കാ ബാവ മാത്യൂസ് ദ്വിതീയൻ തിരുമേനിക്കും പുതിയ മെത്രാപ്പോലീത്തമാർക്കും നൽകിയ സ്വീകരണം
തെറ്റുകൾ തിരുത്തുന്നതാണല്ലോ ഭാഗ്യാവസ്ഥ. ഏതെങ്കിലും വീഴ്ചകൾ, അംഗങ്ങളായും ഇടവകയായും പരിഹരിക്കപ്പെടാനുണ്ടെങ്കിൽ ദൈവഹിതത്തിന് വിധേയപ്പെട്ട് പ്രവർത്തിച്ച് മുന്നേറാം. ഇടവകയുടെ ചരിത്രത്തിലെ മുൻകാല പ്രവർത്തകരെയും എല്ലാ നിദ്രിതരെയും ഇടവക പ്രവർത്തനത്തിൽ സജീവരായിരിക്കുന്ന എല്ലാവരെയും ഇടവക മുഴുവനെയും ഓർത്ത് പ്രാർത്ഥിച്ച് നിർത്തുന്നു.
1975–76 കാലത്തെ സെൻറ് മേരീസിലെ സൺഡേ സ്ക്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും മാർ പക്കോമിയോസ് തിരുമേനിയൊടൊപ്പം